ന്യൂഡല്‍ഹി : വിവാഹം കഴിച്ചതിന്റെ പേരില്‍ സൈനിക നഴ്സിങ് സര്‍വീസില്‍നിന്നു പിരിച്ചുവിട്ട വനിതയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശം നല്കി സുപ്രീംകോടതി. 1988 ല്‍ വിവാഹശേഷം സര്‍വീസില്‍നിന്നു പിരിച്ചുവിട്ട സെലീന ജോണിന്റെ അപേക്ഷയിലാണു ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്. എട്ടു ആഴ്ചയ്ക്കകം 60 ലക്ഷം രൂപ നല്‍കണമെന്നാണു കോടതി ഉത്തരവില്‍ പറയുന്നത്.
വനിത നഴ്സിങ് ഓഫിസറെ പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധവും ലിംഗവിവേചനവും ഏകപക്ഷീയവുമാണെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. പുരുഷാധിപത്യ വ്യവസ്ഥ മനുഷ്യന്റെ അന്തസ് ഇല്ലാതാക്കുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സര്‍വീസില്‍ നിന്ന് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 2012ല്‍ ആംഡ് ഫോഴ്സ് ട്രൈബ്യൂണലില്‍ സെലീന ഹര്‍ജി നല്‍കിയിരുന്നു. സെലീനയ്ക്ക് അനുകൂലമായി ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചു. സര്‍വീസില്‍ നിന്ന് തിരിച്ചെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. 2019ല്‍ ഈ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീം കോടതിയിയെ സമീപിച്ചു. വിവാഹത്തിന്റെ പേരില്‍ മിലിട്ടറി നഴ്സിങ് സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ 1977ല്‍ കൊണ്ടുവന്ന നിയമം 1995ല്‍ പിന്‍വലിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
സൈനിക നഴ്സിങ് സര്‍വീസില്‍ ലഫ്റ്റനന്റ് ആയിരുന്ന ഉദ്യോഗസ്ഥ കരസേന ഓഫിസറെ വിവാഹം കഴിച്ചു. ഇതിന് പിന്നാലെ കാരണംപോലും ചോദിക്കാതെ ജോലിയില്‍നിന്നു പിരിച്ചുവിടുകയായിരുനന്നുയ വിവാഹം കഴിച്ചാല്‍ നിയമനം റദ്ദാക്കുമെന്ന കരസേന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.