ഷിരൂർ: ഷിരൂരിനടുത്ത് നിന്നും കണ്ടെത്തിയ മൃതദേഹത്തിൽ ഡി.എൻ.എ പരിശോധന നടത്തണമെന്ന് ഷിരൂർ അപകടത്തിൽ കാണാതായ അർജുന്റെ കുടുംബം. ഷിരൂർ ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വലകുടുങ്ങിയ നിലയിലാണ് മൃതദേഹമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഷിരൂർ മണ്ണിടിച്ചിലിൽപ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോയെന്നറിയാൻ കരയിലെത്തിച്ച് പരിശോധിക്കേണ്ടതുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗംഗാവലിപ്പുഴ ഒഴുകിച്ചേരുന്ന പ്രദേശമാണിത്. കഴിഞ്ഞദിവസം ഈ പ്രദേശത്തുനിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു.