കോഴിക്കോട് : ഷിരൂരില്‍ നിന്ന് അര്‍ജുനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവരോടും നന്ദിയെന്ന് സഹോദരി അഞ്ജു. അര്ജുന് തിരികെ വരില്ലെന്ന് അറിയാമായിരുന്നു. എന്നാല്‍ അര്ജുന് എന്താ സംഭവിച്ചത് എന്ന ഒറ്റ ഉത്തരം കിട്ടാനാണ് തങ്ങള്‍ ശ്രമിച്ചത്.
പ്രതികൂല കാലവസ്ഥയടക്കമുള്ള കാരണങ്ങളാല്‍ ഉത്തരത്തിലേക്ക് എത്താന്‍ കുറച്ച് വൈകി. എന്നാല്‍ അവിടെ ഇട്ടുപോരാന്‍ പറ്റില്ലായിരുന്നു.പല അവസ്ഥകളിലൂടെയാണ് കടന്നുപോയത്. ആദ്യം മുതല്‍ ഇതുവരെ കൂടെ നിന്നവര്‍ക്ക് നന്ദി. ഡ്രഡ്ജിംഗ് സംവിധാനം എത്തിച്ച് അര്‍ജുനെ തിരികെ തന്ന കര്‍ണ്ണാടക സര്‍ക്കാരിന് നന്ദി. ലോറിയുടമ മനാഫ് കൂടെ നിന്നു. മനാഫിനൊപ്പം മുബീനും ഉണ്ട്. അര്‍ജുനെ മറക്കാന്‍ കഴിയില്ല. കുട്ടന് കൂടെയില്ല. അവിടെ ഇട്ടുപോരാന്‍ പറ്റില്ലായിരുന്നുവെന്നും അഞ്ജു പറഞ്ഞു.
അതിനിടെ വന്ന വ്യാജവാര്‍ത്തകള്‍ തങ്ങളുടെ കുടുംബത്തെ ഒരുപാട് വിഷമിപ്പിച്ചു. ബര്‍ത്ത്ഡേ പാര്‍ട്ടി നടത്തിയെന്ന നിലയില്‍ യൂട്യൂബ് ചാനലുകള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. രണ്ടാംഘട്ട തിരച്ചില്‍ നിര്‍ത്തിയപ്പോള്‍ വലിയ പ്രതിസന്ധിയിലായെന്നും അഞ്ജു പറഞ്ഞു.
കഴിഞ്ഞദിവസം വൈകുന്നേരം മൂന്നിനാണ് ഗംഗാവാലി പുഴയില്‍നിന്ന് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്റെ ക്യാബിനുള്ളില്‍ ആണ് മൃതദേഹമുണ്ടായിരുന്നത്. സിപി-2 എന്ന പോയിന്റ് കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. പിന്നീട് വെള്ളം കുറഞ്ഞ സമയം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു.
അര്‍ജുനെ കാണാതായി 72ാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തിരച്ചില്‍ നടത്തിയത്. അതേ സമയം ഷിരൂരില്‍ നിന്ന് അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.
കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ഹുബ്ലിയിലെ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. ഫലം വന്ന ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കൂ.