ബെംഗളൂരു: അർജുന്റെ ലോറിക്കായുള്ള ഡീപ് സെർച്ച് ഡിറ്റക്ടർ പരിശോധനയിൽ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായി വിവരം. നേരത്തേ അർജുന്റെ മൊബൈൽ സിഗ്നൽ ലഭിച്ച അതേ ഭാഗത്താണ് ഡിറ്റക്ടർ ഉപയോഗിച്ചുനടത്തിയ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഈ ഭാഗം കേന്ദ്രീകരിച്ച് കൂടുതൽ ആഴത്തിൽ തിരച്ചിൽ നടത്തിവരികയാണ്.
റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സിഗ്നൽ ലഭിച്ചിരുന്നു . സിഗ്നൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധന നടത്തുകയാണ്. അർജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. റഡാര്‍ ഉപയോഗിച്ച് പുഴയിലും കരയിലും തെരച്ചില്‍ നടത്താനായിരുന്നു സൈന്യത്തിൻ്റെ നീക്കം. അതിനിടയിലാണ് പ്രതീക്ഷ നൽകി രണ്ടിടങ്ങളിൽ കൂടി സിഗ്നൽ ലഭിച്ചത്. അര്‍ജുന്റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്. ഇവിടെ മുന്‍പ് പരിശോധന നടത്തിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.