ബംഗളൂരു: ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ തുടരും. ഉന്നതതല യോഗത്തിലാണ് തീരുമാനം. കേരള- കർണാടക മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തെരച്ചിൽ തുടരാനുള്ള തീരുമാനം.
തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിംഗ് യന്ത്രം തൃശൂരിൽ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നദിയിലെ സാഹചര്യം അനുകൂലമായാൽ മാത്രം തിങ്കളാഴ്ച പരിശോധന നടത്തുമെന്നും അറിയിപ്പിലുണ്ട്. തുടര്‍നടപടികളും ഉന്നതതല യോഗം ചര്‍ച്ച ചെയ്തു.കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഡ്രഡ്ജിംഗ് യന്ത്രം ആണ് ഷിരൂരിൽ എത്തിക്കുക.18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത.
തെരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചതായി കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. രക്ഷാ പ്രവർത്തനം തുടരണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. തെരച്ചിൽ അവസാനിപ്പിച്ചെന്ന് അറിയിച്ചതോടെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ചർച്ചചെയ്ത് എല്ലാവരും യോജിച്ച് എടുത്ത തീരുമാനം നടപ്പാക്കാതെ പോകുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. ഈ നിലപാടിൽനിന്ന് കർണാടക പിന്നോട്ട് പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.