ബംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി ഗംഗാവാലി പുഴയില്‍ നേവി-ആര്‍മി സംഘത്തിന്റെ സംയുക്ത തിരച്ചില്‍ തുടരുന്നു. അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.
നിലവിൽ ഒഴുക്ക് ആറ് നോട്സാണ്. മൂന്ന് നോട്സിനു താഴെ എത്തിയാലെ ഡൈവർമാർക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനാകൂ.വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന കാമറ അടക്കമെത്തിച്ചുള്ള പരിശോധന തുടരുകയാണ്. പുഴയുടെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളോ മറ്റോ ഡൈവർമാർക്ക് തിരിച്ച് കയറാൻ പ്രയാസമുണ്ടാക്കുമോ എന്നറിയാൻ സോണാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കഴിഞ്ഞദിവസം പരിശോധന നടത്തിയ ഭാഗത്തുതന്നെയാണോ ഇന്നും ട്രക്കിന്റേതെന്ന് കരുതുന്ന ലോഹഭാഗമുള്ളതെന്നും നേവിസംഘം പരിശോധിക്കുണ്ട്. പുഴയിലേക്ക് കൂടുതൽ യന്ത്രങ്ങൾ എത്തിക്കാനുള്ള റാംപ് നിർമാണം തുടങ്ങി. ബൂം യന്ത്രം ഉപയോഗിച്ച് പുഴയുടെ തീരത്തെ മണ്ണ് നീക്കം ചെയ്യുകയാണ്. റാംപ് നിർമിച്ച് വാഹനങ്ങളിൽ യന്ത്രങ്ങൾ എത്തിക്കാനാണ് നീക്കം.