ഷിരൂർ :ഗംഗാ വാലി പുഴയിലുള്ള ട്രക്ക് അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. ഡ്രോൺ നടത്തിയ പരിശോധനയിലും സ്ഥിരീകരണം. ഡ്രോണിൽ ലഭിച്ച സിഗ്നലിലും ലോറിയുടെ ക്യാബിൻ ഏതുഭാഗത്തെന്ന് തിരിച്ചറിനായില്ല. അടുത്തടുത്തായി 3 ഭാഗങ്ങളിൽ ലോഹസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
നദിയിലെ മൺകൂനയിൽനിന്ന് മണ്ണു മാറ്റാനുള്ള സാധ്യത പരിശോധിക്കാൻ ഗോവയിൽനിന്നുള്ള സംഘം അല്പസമയത്തിനകം ഷിരൂരിലെത്തും. ബൂം മണ്ണുമാന്തി ഉപയോഗിച്ചുള്ള മണ്ണുമാറ്റൽ വൈകുന്നതാണ് കാരണം. മുങ്ങൽ വിദഗ്ധർ വീണ്ടും പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാൻ തുടങ്ങുന്നു. 15 അംഗ സംഘം മൂന്ന് ബോട്ടുകളിലായിട്ടാണ് പരിശോധന നടത്തുന്നത്. നേരത്തെ ശക്തമായ അടിയൊഴുക്കു കാരണം അവർക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനായിരുന്നില്ല രണ്ടുതവണ ഡ്രോൺ വെള്ളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും വലിയ അടിയൊഴുക്കുകാരണം വിജയിച്ചില്ല. ലോറി ഉയർത്താനുള്ള സാധ്യത പരിശോധിക്കുകയാണ്. മുങ്ങൽ വിദഗ്ധർ രണ്ടുതവണ ലോറിക്കരികിലെത്തിയെങ്കിലും കാബിൻ പരിശോധിക്കാനായില്ല. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഡ്രോൺ എത്തിച്ചത്.