കോഴിക്കോട്: പെട്ടന്ന് തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാനാവില്ലെന്ന് അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. അർജുനെയും മറ്റ് രണ്ടുപേരെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരണം. തടസങ്ങളുണ്ടെങ്കിൽ കൂടുതൽ സാങ്കേതിക സഹായങ്ങളെത്തിക്കണമെന്നും അർജുന്റെ സഹോദരി ആവശ്യപ്പെട്ടു.
’13 ദിവസമായി, എന്റെ മോന് എന്താണ് പറ്റിയതെന്നാണ് അമ്മ ഇപ്പോഴും ചോദിക്കുന്നത്. ഞങ്ങൾക്ക് എന്ത് പറയണമെന്ന് അറിയില്ല. കർണാടക സർക്കാറിന്റേയും കേരള സർക്കാറിന്റേയും എല്ലാ പിന്തുണയും ലഭിച്ചു. ഇതുവരെയുള്ള തിരച്ചിലിൽ സംതൃപ്തരാണ്. പെട്ടെന്ന് തിരച്ചിൽ നിർത്തുകയാണെന്ന് പറയുമ്പോൾ അത് ഉൾക്കൊള്ളാൻ പറ്റില്ല. ഓരോ നിമിഷവും ഇപ്പോൾ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്’ – അർജുന്റെ സഹോദരി പറഞ്ഞു.
അർജുനുവേണ്ടി പുഴയിലിറങ്ങിയുള്ള തിരച്ചിൽ തത്ക്കാലം തുടരാനാകില്ലെന്നാണ് ഉന്നതതല യോഗത്തിൽ കർണാടക അറിയിച്ചത്. തിരച്ചിൽ നിർത്തരുതെന്ന് കേരളത്തിൽ നിന്നുള്ള എം.എൽ.എമാർ യോഗത്തിൽ ആവശ്യപ്പെട്ടു. കാലാവസ്ഥ അനുകൂലമായാൽ ദൗത്യം തുടരുമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഗംഗാവലിയിലെ കുത്തൊഴുക്കിനെ തുടർന്ന് തിരച്ചിലിനെത്തിയ ഈശ്വർ മാൽപേയുടെ സംഘം മടങ്ങിയിരുന്നു.