കോഴിക്കോട്: 75 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ അർജുന്റെ മൃതദേഹം ജന്മനാട്ടില്. കാർവാർ മുതൽ ഇങ്ങ് കോഴിക്കോട് വരെ വഴിയോരങ്ങളില്‍ പാതിരാവിലും കണ്ണീരോടെ കാത്തിരുന്ന ജനക്കൂട്ടത്തിന്റെ അന്ത്യാദരം ഏറ്റുവാങ്ങിയാണ് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് രാവിലെ എട്ടു മണിയോടെ നാട്ടിലെത്തിയത്. കണ്ണാടിക്കൽ ബസാര്‍ മുതലുള്ള വിലാപയാത്രയിൽ ജനം കാൽനടയായി അനുഗമിച്ചു. അവസാനചടങ്ങുകളിൽ പങ്കെടുക്കാനും അന്ത്യോപചാരം അർപ്പിക്കാനുമായി ആയിരങ്ങളാണ് നാടിന്റെ നാനാദിക്കുകളിൽനിന്നും കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത്.
ഇന്നലെ ഉച്ചയോടെ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതിനു പിന്നാലെ സഹോദരൻ അഭിജിത്തും സഹോദരീ ഭർത്താവ് ജിതിനും ചേർന്ന് കാർവാർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് അർജുന്റെ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. തുടർന്നു വൈകീട്ടോടെയാണ് കാർവാറിൽനിന്ന് മൃതദേഹവുമായി ആംബുലൻസ് നാട്ടിലേക്കു പുറപ്പെട്ടത്. ഷിരൂരിലെ തിരച്ചിലിനു നേതൃത്വം നല്കിയ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് തുടങ്ങിയവർ യാത്രയിലുടനീളം അനുഗമിച്ചു. ഉഡുപ്പിയിൽനിന്ന് ഈശ്വർ മാൽപെയും ചേർന്നു. പുലർച്ചെ രണ്ടു മണിയോടെ കാസർകോട് ബസ് സ്റ്റാൻഡിൽ ജനക്കൂട്ടം ആദരമർപ്പിച്ചു.
ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് ആംബുലന്‍സ് കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ എത്തിയത്. ഇവിടെ മന്ത്രി എ.കെ ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ്, കെ.കെ രമ എംഎൽഎ തുടങ്ങിയവർ അഴിയൂരില്‍ എത്തിയിരുന്നു.
പൂളാടിക്കുന്ന് ബൈപ്പാസ് വരെ സമയം പാലിച്ചെത്തിയ യാത്ര ആൾക്കൂട്ടത്തിന്റെ തിരക്കേറിയതോടെ മന്ദഗതിയിലായി. ഒടുവിൽ പാതയോരങ്ങളിൽ ഇരുവശത്തുമായി തടിച്ചുകൂടിയ ജനക്കൂട്ടത്തിനു നടുവിലൂടെ 8.10ഓടെ കണ്ണാടിക്കൽ ബസാറിലെത്തി. തുടർന്ന് ഇവിടെനിന്ന് കാൽനടയായി വീട്ടിലേക്ക് വിലാപയാത്ര ആരംഭിച്ചു. വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനം നടക്കും. ശേഷം വീട്ടുവളപ്പിൽ തന്നെ സംസ്കാരം നടക്കും.