കമ്പം: തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ച് എലഫന്റ് ആംബുലൻസിൽ കയറ്റി. ഉടൻ വെള്ളിമല വനത്തിലേക്ക് മാറ്റും.രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് ആനയെ മയക്കുവെടി വച്ചത്.
രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. രണ്ടു ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് സൂചന. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും വനത്തിനുള്ളിലേക്കു കടത്തിവിടുക.
മേയ് 27 ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു.. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തയാറെടുപ്പുകൾ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചു.
ഇടുക്കിയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രിൽ 29ന് മയക്കുവെടി നൽകി നിയന്ത്രണത്തിലാക്കിയശേഷം ലോറിയിൽ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ഉൾവനത്തിലേക്കു മറഞ്ഞ അരിക്കൊമ്പൻ ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിലെത്തി. പിന്നാലെയാണ് മേയില്‍ കമ്പത്ത് ജനവാസമേഖലയിലിറങ്ങിയത്.