കമ്പം: നാട്ടിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു. തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. രാത്രി 12.30 ഓടെയാണ് മയക്കുവെടി വെച്ചത്. രണ്ടു മയക്കുവെടി വെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങിയ അരിക്കൊമ്പനെ മയക്കു വെടിവെച്ചത്.
ആന ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചിട്ടുണ്ട്. ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റും. ഇതിനായി മൂന്നു കുങ്കിയാനകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആരോഗ്യപരിശോധനയ്ക്ക് ശേഷമാകും അരിക്കൊമ്പനെ മറ്റൊരു വനമേഖലയിലേക്ക് തുറന്നു വിടുക. രണ്ടു ഷിഫ്റ്റുകളിലായി 300 പേരടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. മലയോര പ്രദേശത്തായിരുന്ന ആന സമതലപ്രദേശത്ത് എത്തിയതോടെ വെടിവയ്ക്കുകയായിരുന്നു.
നാലോളം സ്ഥലങ്ങളാണ് തമിഴ്നാട് വനംവകുപ്പിന്റെ പരിഗണനയിലുള്ളത്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വാല്‍പ്പാറ സ്ലീപ്പാണ് പരിഗണനയിലുള്ള ഒരു സ്ഥലം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അരിക്കൊമ്പനെ വെടിവെക്കുന്നത്. ഏപ്രില്‍ 29 നാണ് കേരള വനംവകുപ്പ് ആദ്യം അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിടുകയായിരുന്നു. എന്നാല്‍ മെയ് 27 ന് കമ്പത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന് പ്രദേശത്ത് ഭീതി വിതയ്ക്കുകയായിരുന്നു.