കമ്പം: അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നു വിടും. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് ആനയെ തുറന്നു വിടുക. അരിക്കൊമ്പനെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നു വിടുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അരിക്കൊമ്പൻ ആനയെ പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്ത വിധം സംരക്ഷിത വനമേഖലയിലേക്കു മാറ്റുമെന്നു തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അരിക്കൊമ്പനെ ഇന്നു തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. എന്നാൽ അത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് വനം വകുപ്പ് മന്ത്രി മതിവേന്തൻ വ്യക്തമാക്കിയിരുന്നു.നേരത്തെ, എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടുന്നതു തടഞ്ഞെന്നായിരുന്നു റിപ്പോർട്ട്.
ഹർജി നാളെ പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിലക്കേർപ്പെടുത്തിയത്. ‘അരിക്കൊമ്പൻ മിഷനും’ കോടതി മരവിപ്പിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റബേക്ക ഹർജി നൽകിയത്. ∙ ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ചത് .