കമ്പം: തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തുറന്നുവിടുന്നത് തിരുനെല്വേലിയിലെന്ന് സൂചന. തിരുനെല്‍വേലി ജില്ലയിലെ പാപനാശം കാരയാര്‍ അണക്കെട്ടിലെ വനമേഖലയിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നാണ് വിവരം.
തേനിയില്‍ നിന്ന് മധുരയിലേക്ക് പോകുന്ന റോഡിലാണ് നിലവില്‍ കൊമ്പനുമായി വനംവകുപ്പ് സംഘം യാത്ര തുടരുന്നത്. എന്നാല്‍ ആനയെ എവിടേയ്ക്കാണ് മാറ്റുന്നതെന്നത് സംബന്ധിച്ച് വനംവകുപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രതിഷേധ സാധ്യത ഉള്ളതിനാലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പറഞ്ഞു.
അതിനിടെ, അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനം പിന്തുടർന്ന മാധ്യമങ്ങളെ തമിഴ്നാട് പൊലീസ് തടഞ്ഞു. നിലവിൽ കൊമ്പനെ കൊണ്ടുപോകുന്ന വാഹനം തിരുനെൽവേലി റൂട്ടിലാണ്. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്കോ മേഘമലയിലെ വെള്ളിമലയിലേക്കോ കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ, മേഘമലയിൽ ആനയെ തുറന്നു വിട്ടില്ല.
തമിഴ്നാട് വനംവകുപ്പാണ് രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ചാണ് എലഫന്റ് ആംബുലൻസിൽ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആനയുടെ തുമ്പിക്കൈയിൽ മുറിവേറ്റിട്ടുണ്ട്.മയക്കുവെടിയേറ്റ അരിക്കൊമ്പൻ പാതിമയക്കം വിട്ട നിലയിലാണ്. വാഹനത്തിൽ നിന്ന് ബൂസ്റ്റർ ഡോസ് നൽകിയേക്കും.