തിരുവനന്തപുരം: അരിക്കൊമ്പൻ അപ്പർ കോതയാറിൽ നെയ്യാർ വന്യജീവി സങ്കേതത്തിനടുത്തെത്തിയതായി സൂചന. ഇന്ന് റേഡിയോ കോളർ വഴി നിരീക്ഷിച്ചപ്പോൾ ആന അപ്പർ കോതയാറിലാണെന്ന് സിഗ്നൽ ലഭിച്ചു. ഇതേത്തുടർന്ന് നെയ്യാർ വനപാലക സംഘം അപ്പർ കോതയാറിലേക്ക് തിരിച്ചു.
കളക്കാട് മുണ്ടൻതുറൈ വന്യജീവി സങ്കേതത്തിന് തെക്കുള്ള വനഭാഗമാണ് അപ്പർ കോതയാർ. ഇവിടെ നിന്നും നെയ്യാറിലെത്താം. ആനനിരത്തി വഴി ചിലപ്പോൾ അമ്പൂരിയിൽ പോലും എത്താം. ഈ പാത ആനത്താരയാണ്. അതിനാൽ തന്നെ കേരള വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.തിങ്കളാഴ്ച അരിക്കൊമ്പൻ കളക്കാട് വന്യജീവി സങ്കേതത്തിലെ അംബാസമുദ്രത്തിലെ നിബിഢവനത്തിൽ ആണെന്നായിരുന്നു റിപ്പോർട്ട്. സമീകൃത ആഹാരമായ പുല്ലും മറ്റ് ഇലകളും വെള്ളവും കഴിക്കുന്ന ആന ഇപ്പോൾ പൂർണആരോഗ്യവാനാണ്.
ഇക്കഴിഞ്ഞ ചൊവാഴ്ചയാണ് അരിക്കൊമ്പനെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ടത്. വനംവകുപ്പ് ആറ് സംഘങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കി കോതയാറും അപ്പർകോതയാറും അടക്കമുള്ള ഭാഗങ്ങളിൽ ക്യാമ്പ് ചെയ്യുകയാണ്.കേരളത്തിൽ നിന്നുള്ള റോഡിയോ കോളർ നിരീക്ഷണങ്ങൾ തമിഴനാടുമായി കേരളം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറിൽ നിന്ന് തിരുവനന്തപുരം ഡിവിഷന് കൈമാറി.
കളക്കാട്, അംബാസമുദ്രം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ള വനംവകുപ്പു ജീവനക്കാരും വെറ്ററിനറി ഡോക്ടർമാരും അടങ്ങിയ ആറ് സംഘങ്ങൾ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലാ ഭരണകൂടങ്ങളുടെ സഹകരണത്തോടെ പൊതുജനങ്ങൾക്ക് സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.