കൊച്ചി : മോന്സണ് മാവുങ്കല്‍ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിന് ശേഷം മടങ്ങി.
ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുവെന്ന് മാധ്യമങ്ങളെ കണ്ട വേളയിൽ സുധാകരൻ വ്യക്തമാക്കി.
ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയെന്നും 10 തവണ വിളിപ്പിച്ചാലും വരുമെന്നും സുധാകരൻ പറഞ്ഞു. താൻ രാജ്യത്തെ നിയമം അനുസരിച്ച് ജീവിക്കുന്നയാളാണെന്നും കേസിൽ തെളിവ് ലഭിച്ചോ എന്നത് പറയേണ്ടത് ഇഡി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ 11-ഓടെയാണ് സുധാകരൻ ഇഡിയുടെ കൊച്ചി ഓഫീസിൽ ചോദ്യംചെയ്യലിനായി ഹാജരായത്.
കേസുമായി ബന്ധപ്പെട്ട് ഇഡി നേരത്തെ സുധാകരനെ ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 30-ന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുധാകരന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അഞ്ച് വർഷത്തെ ബാങ്ക് ഇടപാട് വിവരങ്ങൾ ഹാജരാക്കണമെന്നും നിർദേശമുണ്ടായിരുന്നു.
എന്നാൽ തുടർച്ചയായ ദിവസങ്ങളിലെ ബാങ്ക് അവധി ചൂണ്ടിക്കാട്ടി സുധാകരൻ സാവകാശം തേടുകയായിരുന്നു. ഇതോടെയാണ് തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയത്.
മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍വച്ച് സുധാകരന് 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോന്‍സന്റെ മുന്‍ ജീവനക്കാരന് ജിന്സണ് മൊഴി നല്‍കിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നല്‍കിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി അന്വേഷണം.
നേരത്തെ, പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.10 കോടിയുടെ തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.