ന്യൂഡൽഹി : ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കേജ്രിവാളിന്റെ ഹർജി. മാർച്ച് 21 ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുകയും തുടർന്ന് തിഹാർ ജയിലിൽ അടയ്ക്കുകയും ചെയ്ത കേജ്രിവാളിന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നൽകിയിരുന്നു. മെയ് 10 നാണ് കേജ്രിവാൾ മോചിതനായത്.
ഇടക്കാല ജാമ്യം അവസാനിക്കാനിരിക്കെ ജൂൺ രണ്ടിന് വീണ്ടും ജയിൽ അധികൃതർക്ക് കീഴടങ്ങേണ്ടി വരും. ഇടക്കാല ജാമ്യ മാർഗനിർദേശങ്ങൾ പ്രകാരം കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസോ ഡൽഹി സെക്രട്ടേറിയറ്റോ പോലും സന്ദർശിക്കാനാകില്ല. കേസിനെക്കുറിച്ച് പ്രതികരിക്കരുതെന്നും സാക്ഷികളുമായി ആശയവിനിമയം നടത്തരുതെന്നും നിർദേശമുണ്ട്. ഇടക്കാല ജാമ്യം മുതൽ കേജ്രിവാൾ പാർട്ടിക്ക് വേണ്ടി മുടങ്ങാതെ പ്രചാരണം നടത്തുന്നുണ്ട്. കേജ്രിവാളിന് കുറച്ച് വൈദ്യപരിശോധന ആവശ്യമാണെന്ന് ആം ആദ്മി പാർട്ടി (എഎപി) വ്യക്തമാക്കി.