ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തേക്കും. കെജരിവാളിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന വിവരം കേട്ടതായി ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ ആരോപിച്ചു. ഡല്‍ഹിയിലെ എഎപി മന്ത്രിമാരായ അതിഷിയും സൗരബ് ഭരദ്വാജുമാണ് ഇക്കാര്യം എക്സില്‍ കുറിച്ചത്.
കെജരിവാളിന്റെ വീട്ടില്‍ ഇഡി ഇന്ന് രാവിലെ റെയ്ഡ് നടത്തുമെന്നും തുടര്‍ന്ന് അറസ്റ്റ് ചെയ്യുമെന്നുമാണ് മന്ത്രി അതിഷി മര്‍ലേന എക്സിലെ കുറിപ്പില്‍ സൂചിപ്പിക്കുന്നത്. ഇത്തരമൊരു വിവരം കേട്ടതായി മന്ത്രി സൗരബ് ഭരദ്വാജും എക്സില്‍ കുറിച്ചിട്ടുണ്ട്. ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്നലെ ഹാജരായിരുന്നില്ല. ഇഡിയുടെ സമന്‍സ് നിയമവിരുദ്ധമാണെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നുമാണ് അറിയിച്ചത്. മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള അഡിയുടെ നോട്ടീസ് കെജരിവാള്‍ നിരസിക്കുന്നത്.
നേരത്തെ, രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും റിപ്പബ്ലിക് ദിന തയാറെടുപ്പുകളുടെയും തിരക്കിലാണെന്നും ചോദ്യാവലി അയച്ചുനൽകിയാൽ മറുപടി നല്‍കാമെന്നുമാണ് ബുധനാഴ്ച കെജരിവാള്‍ കത്തിലൂടെ ഇഡിയെ അറിയിച്ചത്. ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്നും അതിനാൽ ചോദ്യം ചെയ്യലിനു ഹാജരാകില്ലെന്നും അരവിന്ദ് കേജരിവാൾ വ്യക്തമാക്കി. ഏജൻസിയുമായി സഹകരിക്കാൻ കെജരിവാള്‍ തയാറാണെന്നും എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് സമൻസ് അയച്ചതെന്നും ആം ആദ്മി അറിയിച്ചു. “”എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നോട്ടീസ് അയച്ചത്? തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് കെജരിവാളിനെ തടയാനുള്ള ശ്രമമാണ് നോട്ടീസ്,’ പാർട്ടി ആരോപിച്ചു.ഇത് മൂന്നാം തവണയാണ് കെജരിവാള്‍ ഇഡി നോട്ടീസ് തള്ളുന്നത്.
നേരത്തേ നവംബർ രണ്ടിനും ഡിസംബർ 21 നുമായിരുന്നു ഇഡി കേജരിവാളിന് നോട്ടീസ് അയച്ചത്. രണ്ടു തവണയും അദ്ദേഹം ഏജൻസിക്കു മുന്നിൽ ഹാജരാകാൻ വിസമ്മതിക്കുകയായിരുന്നു.