കൊല്ലം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എപിപി അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ പ്രതികൾ പിടിയിൽ. പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി അബ്ദുൾ ജലീൽ, എ പി പി ശ്യാം കൃഷ്ണ എന്നിവരെയാണ് ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കോടതിയിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് ഹാജരാകണമെന്നുമുള്ള ഉപാധിയിലായിരുന്നു ജാമ്യം.കഴിഞ്ഞ ജനുവരി 21 നാണ് അനീഷ്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു അനീഷ്യ. ജോലി സ്ഥലത്ത് മാനസിക പീഡനം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന, അനീഷ്യയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു.
തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും കോൺഫിഡൻഷ്യൽ റിപ്പോർട്ട് പുറത്താക്കിയെന്നും ശബ്ദ സന്ദേശത്തിൽ അനീഷ്യ പറയുന്നുണ്ട്. ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഒരു തെറ്റും ചെയ്തില്ല. സ്ത്രീ എന്ന പരിഗണന നൽകിയില്ല. തന്നെ ആളുകളുടെ ഇടയിൽ വെച്ച് അപമാനിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അനീഷ്യ ശബ്ദ സന്ദേശത്തിൽ ഉന്നയിക്കുന്നത്.