ചെന്നൈ : സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ ഔദ്യോഗിക രേഖകളിലും പേരും ലിംഗവും മാറ്റാന്‍ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ എം അനുസൂയ തന്റെ പേര് എം അനുകതിര്‍ സൂര്യ എന്നും ലിംഗം പുരുഷന് എന്നും മാറ്റാന്‍ നല്കിയ അപേക്ഷ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്തെ സിവില്‍ സര്‍വീസ് ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു ഉത്തരവ്.
അനുസൂയയുടെ അപേക്ഷ അംഗീകരിച്ചതായും ഇനി എല്ലാ ഔദ്യോഗിക രേഖകളിലും പേര് മിസ്. അനുസൂയ എന്ന സ്ഥാനത്ത് മിസ്റ്റര്‍ എം.അനുകതിര്‍ സൂര്യ എന്നായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഹൈദരാബാദ് കസ്റ്റംസ് എക്സൈസ് ആന്‍ഡ് സര്‍വീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ (സെസ്റ്റാറ്റ്) ചീഫ് കമ്മീഷണറുടെ ഓഫീസില്‍ ജോയിന്റ് കമ്മീഷണറാണ് എം അനുകതിര്‍.
2013 ബാച്ച് കസ്റ്റംസ് ആന്‍ഡ് ഇന്‍ഡയറക്ട് ടാക്സ് ഓഫീസറായ അനുകതിര്‍ ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി. ഭോപ്പാലിലെ നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയില്‍ നിന്ന് സൈബര്‍ ലോയിലും സൈബര്‍ ഫോറന്‍സിക്സിലും പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്. നേരത്തെ ചെന്നൈയില്‍ വിമാനത്താവളത്തിലും തുറമുഖത്തും ഏകദേശം 10 വര്‍ഷത്തോളം നീണ്ട സേവനം അനുഷ്ഠിച്ചിട്ടുണ്ട്.