16 വർഷം വിചാരണയില്ലാതെ വിചാരണ കോടതിയിൽ കെട്ടികിടന്ന ആന്റണി രാജു എം.എൽ.എക്കെതിരായ തൊണ്ടിമുതലായ അടിവസ്ത്രം മാറിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച. 2021 ൽ ബാർ കോഴ കേസിനെക്കുറിച്ചുള്ള ന്യൂസ് അവർ ചർച്ചക്കിടെ അഡ്വ. കെ. ജയശങ്കർ കേസിനെ കുറിച്ച് പരാമർശിച്ചാണ് ചാരം മൂടിക്കിടന്ന കേസിനെ വീണ്ടും സജീവമാക്കിയത്. ഈ ചർച്ച ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് കേസിനു പിന്നാലെ പോകാൻ തീരുമാനിച്ചതെന്നാണ് കേസിൽ നിർണായക ഇടപെടൽ നടത്തിയ മാധ്യമപ്രവർത്തകനായ അനിൽ ഇമ്മാനുവൽ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ തുറന്നു പറഞ്ഞത്.
ആനവാൽ മോതിരമെന്ന ശ്രീനിവാസൻ ചിത്രത്തിൽ അടക്കം ഹാസ്യരൂപേണ വിമർശനത്തിന് പാത്രമായ കേസാണ് ആന്റണി രാജുവിന്റെ അണ്ടർവെയർ മാറ്റൽ കേസ്.അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ ആസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലിരുന്ന തൊണ്ടിമുതല്‍ മാറ്റിയെന്നാണ് കേസ്. സെഷന്‍സ് കോടതി ശിക്ഷിച്ച പ്രതിയെ ഹൈകോടതിയിൽ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രം മാറ്റിവെച്ചുവെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റാരോപണം.മാറ്റിവെച്ച അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് കണ്ട് ആസ്ട്രേലിയൻ പൗരനെ ഹൈകോടതി വെറുതെവിടുകയും ചെയ്തു. ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.
1994-ൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലെ ശിരസ്താധാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2006-ൽ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് പൊലീസ് ഫയൽ ചെയ്തു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 120ബി, 420, 201, 193, 217, 34 എന്നീ വകുപ്പുകൾ ആണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
2006-ലെ പൊലീസ് കുറ്റപത്രം കഴിഞ്ഞ 16 വർഷം വിചാരണയില്ലാതെ വിചാരണ കോടതിയിൽ കെട്ടികിടക്കുകയായിരുന്നു. ഇതിനുശേഷം ആന്റണി രാജു എം.എൽ.എയും പിന്നീട് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയുമായി. 2021ൽ വിനു വി ജോൺ , ജയശങ്കർ എന്നിവർ പങ്കെടുത്ത ന്യൂസ് അവർ ചർച്ചക്ക് ശേഷമാണ് തീർന്നുപോയി എന്ന് തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകർ അടക്കം കരുതിയ കേസിൽ അനിൽ ഇമ്മാനുവൽ വസ്തുതാ അന്വേഷണം ആരംഭിച്ചത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കേസിന്റെ വിവരങ്ങൾ ലഭിക്കാതെ വന്നതോടെ ഹൈക്കോടതി വിജിലൻസിന് പരാതി നൽകിയത്. ഇതേതുടർന്ന് കേസ് സജീവമായി. തൊണ്ടിമുതൽ ഒപ്പിട്ടു വാങ്ങാനല്ല, മറിച്ച് പ്രതിയുടെ ബന്ധുവിനെ കോടതി സ്റ്റാഫിന് പരിചയപ്പെടുത്തുക എന്ന കാര്യത്തിനാണ് ആന്റണി രാജുവിനെ ചുമതലപെടുത്തിയത് എന്നാണ് ആന്റണി രാജുവിന്റെ സീനിയർ ആയിരുന്ന സെലിൻ വിൽഫ്രഡ്മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആന്റണി രാജുവിനെ പ്രതിയാക്കിയതെന്നും അനിൽ ഇമ്മാനുവൽ ഇന്നലത്തെ ന്യൂസ് അവർ ചർച്ചയിൽ വ്യക്തമാക്കി.
കേസിൽ വിചാരണ നേരിടാനാണ് ആന്റണി രാജുവിനോട് സുപ്രീം കോടതി ഇന്നലെ നിർദേശിച്ചിരിക്കുന്നത് . ഡിസംബർ 20-ന് ആന്റണി രാജു വിചാരണ കോടതിയിൽ ഹാജരാകണം. പൊലീസ് ഫയൽ ചെയ്ത കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിചാരണ. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.