SCREEN SHOT
തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയ്ക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാക്കളായ എകെ ആൻ്റണിയും വിഎം സുധീരനും. പുതുപ്പള്ളിയിലെ വീട്ടിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചപ്പോഴാണ് ഇരുവരും കാണാനെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകൻ്റെ ചലനറ്റ ശരീരം കണ്ട ഇരുവർക്കും സ്വയം നിയന്ത്രിക്കാനായില്ല.ഉമ്മൻചാണ്ടിയുടെ മക്കളെ ചേർത്തുപിടിച്ച ആന്റണി അവരെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.
ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചത് അല്പസമയം മുൻപാണ്. അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ഒഴുകിയെത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കാൻ പണിപ്പെടുകയാണ് പൊലീസും നേതാക്കളും. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചാക്കയിലും പേട്ടയിലും എത്തിയപ്പോൾ ആംബുലൻസ് നിർത്തുകയും നൂറു കണക്കിനാളുകൾ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു.ജനബാഹുല്യം കാരണം പൊതുദർശന സമയം വൈകുകയാണ്. അഞ്ച് മണിയോടെയാണ് ദർബാർ ഹാളിൽ പൊതുദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ ഉമ്മൻചാണ്ടിയെ ഒരു നോക്ക് കാണാൻ ജനങ്ങൾ ഒഴുകിയെത്തിയതോടെയാണ് വൈകിയത്.
ഓരോ സ്ഥലത്തു നിന്നും ആയിരക്കണക്കിന് പേരാണ് വിലാപയാത്രയെ അനുഗമിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്കരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചത്. നാളെ കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്കാരം നടക്കുക. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു അദ്ദേഹം.