കോന്നി : കോന്നി കുളത്തുമണ്ണിൽ വൈദ്യുത ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത പ്രതികൾക്ക് മുൻകൂർ ജാമ്യം. പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോൻ, കെ മാത്യു, ബൈജു ജോബ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കൈതക്കൃഷി ചെയ്യാനായി ഭൂമി പാട്ടത്തിനെടുത്തവർ സ്ഥാപിച്ചിരുന്ന വേലിയിൽ കൂടുതൽ വൈദ്യുതി കടത്തിവിട്ടതാണ് ആന ഷോക്കേറ്റ് വീഴാൻ കാരണമെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഭൂമി കരാറിനടുത്ത ആളെ വനം വകുപ്പ് പ്രതി ചേർത്തിരുന്നു. പിന്നാലെ തുടർന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ സഹായിയെ വനം വകുപ്പ് മൊഴി രേഖപ്പെടുത്തുന്നതിനായി കസ്റ്റഡിയിലെടുത്തു. എന്നാൽ നിയമവിരുദ്ധമായാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നും നാട്ടുകാരെ കള്ളക്കേസിൽ കുടുക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നും ആരോപണം ഉന്നയിച്ച് കെ യു ജനീഷ് കുമാർ എംഎൽഎ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു.