ന്യൂഡൽഹി : 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഡൽഹി അഡീഷണൽ സെഷൻസ് കോടതി. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന ഉപാധിയിന്മേലാണ് ജസ്റ്റീസ് വികാസ് ധുളിന്റെ ബെഞ്ച് ടൈറ്റ്ലർക്ക് ജാമ്യം അനുവദിച്ചത്. കേസിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുതെന്ന നിർദേശവും കോടതി ടൈറ്റ്ലർക്ക് നൽകി. നേരത്തെ, കേസിന്റെ വിചാരണയ്ക്കായി ഓഗസ്റ്റ് അഞ്ചിന് ഹാജരാകണമെന്ന് കാട്ടി ഡൽഹി ചീഫ് മെട്രോപൊലീറ്റൻ മജിസ്ട്രേറ്റ് കോടതി ടൈറ്റ്ലർക്ക് സമൻസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനായി ടൈറ്റ്ലർ ഹർജി സമർപ്പിച്ചത്. കലാപത്തിന് ആഹ്വാനം നൽകിയെന്നും ജനത്തെ അക്രമം നടത്താൻ പ്രേരിപ്പിച്ചെന്നും ആരോപിച്ച് മേയ് 20-ന് ടൈറ്റ്ലർക്കെതിരെ സിബിഐ ചാർജ്ഷീറ്റ് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സമൻസ് അയയ്ക്കൽ നടപടി.