കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. താമരശ്ശേരി ചുരം നാലാം വളവില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ ഒമ്പതു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് ചുരം നാലാം വളവിലെ കടക്കകത്തു നിന്നും ഏതാനും യുവാക്കള്‍ ലഹരി വസ്തു ഉപയോഗിക്കുന്നത് ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്തു. ഈ സംഘത്തിലുണ്ടായിരുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഘത്തിലെ രണ്ടു പേരെ പേരെ ലഹരി ഉപയോഗിച്ചവരും ഇവര്‍ വിളിച്ചു വരുത്തിയ ആളുകളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് അടിവാരത്ത് നിന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ ചുരത്തില്‍ എത്തുകയും അക്രമിസംഘവുമായി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു.