തിരുവനന്തപുരം: സംസ്ഥാനത്ത് സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെ വീണ്ടും കേസ്. ഇന്നലെ രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്ത കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം അടക്കം 62 പേർക്കെതിരെയാണ് കേസ്. എസ്.ഡി.പി.ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിനെതിരെയും പൊലീസ് കേസെടുത്തു.
പൗരത്വ നിയമ ഭേദഗതി പ്രബല്യത്തിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ട്. കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവന് മുന്നിൽ പ്രതിഷേധം നടക്കും. ഉച്ചയ്ക്ക് 12 മുതൽ രണ്ടുമണി വരെ നടക്കുന്ന പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി ആക്റ്റിംഗ് പ്രസിഡന്റ് എം.എം ഹസൻ, കെ സുധാകരൻ, ശശി തരൂർ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. കെ.പി.സി.സി നേതൃയോഗം നടക്കുന്നതിനാൽ പ്രധാന നേതാക്കളെല്ലാവരും തന്നെ തിരുവനന്തപുരത്തുണ്ടാകും. ഇവർ പ്രതിഷേധത്തിന്റെ ഭാഗമാകും.
പോഷക സംഘടനകളെക്കൂടി അണിനിരത്തി വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. ഒപ്പം യു.ഡി.എഫിന്റെ പ്രതിഷേധ പരിപാടികൾ കൂടി നടക്കും. ഇന്നലെ രാജ്ഭവന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചിരുന്നു. മറ്റ് ജില്ലകളിലും പ്രതിഷേധങ്ങൾ നടന്നിരുന്നു.ഇത് വരും ദിവസങ്ങളിലും തുടരുമെന്ന് കെ.പി.സി.സി നേതൃത്വം അറിയിച്ചു.