തിരുവനന്തപുരം : കേരള സർവകലാശാലയിൽ മൂല്യനിർണയത്തിനായി കൊണ്ടുപോയ ഉത്തരക്കടലാസുകൾ അധ്യാപകൻ നഷ്ടപ്പെടുത്തി. 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. പേപ്പർ നഷ്ടമായതോടെ വീണ്ടും പരീക്ഷ എഴുതണം എന്നാണ് വിദ്യാർഥികൾക്ക് ലഭിച്ച നിർദേശം.
2024 മെയിൽ നടന്ന അവസാന സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിർണയത്തിനുശേഷം പരീക്ഷാ പേപ്പറുകൾ നഷ്ടമായി എന്നാണ് അധ്യാപകൻ സർവകലാശാലയ്ക്ക് നൽകിയ വിശദീകരണം. അപ്പോഴും അധ്യാപകന്റെ വീഴ്ചയ്ക്ക് ഒരു വർഷത്തിനുശേഷം വീണ്ടും പരീക്ഷ എഴുതേണ്ട ഗതികേടിലാണ് വിദ്യാർഥികൾ.
ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിഷയത്തിൽ ഒരിക്കൽക്കൂടി പരീക്ഷ എഴുതണമെന്ന് സൂചിപ്പിച്ചുള്ള അറിയിപ്പ് വിദ്യാർഥികൾക്ക് ഇ-മെയിൽ മുഖാന്തരം ലഭിച്ചു. വരുന്ന ഏപ്രിൽ ഏഴിനാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. സമയം രാവിലെ 9.30 മുതൽ 12.30 വരെ. വിദ്യാർഥികളുടെ 3,4 സെമസ്റ്ററുകളുടെ ഫലം ഇതുവരെയും വന്നിട്ടില്ല. സർവകലാശാലയിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്നും പകരം പരീക്ഷ എഴുതേണ്ടിവരുമെന്നും വിദ്യാർഥികൾ അറിയുന്നത്.
ഈ 71 പേരിൽ എല്ലാവർക്കും ഇ-മെയിൽ വന്നിട്ടുമില്ല. എന്തായാലും പകരം പരീക്ഷ എഴുതാൻ നിർവാഹമില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. പരീക്ഷയെഴുതിയ കുട്ടികളിൽ പലരും ഉപരിപഠനത്തിനായി വിദേശത്തേക്കു പോയി. ജോലി തേടിയിറങ്ങിയവർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിനാൽ ദുരിതത്തിൽ ആയി. വിഷയത്തിൽ സർവകലാശാലയുടെ തുടർനടപടി ആണ് ഇനി അറിയേണ്ടത്. ഗുരുതര വീഴ്ചവരുത്തിയ അധ്യാപകനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.