കൊച്ചി : മൂവാറ്റുപുഴയിൽ കോളജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ആൻസൺ റോയിയെ (22) ആണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ആൻസനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആൻസൺ ഓടിച്ച ബൈക്ക് ഇടിച്ച്, നിർമല കോളജിൽ ബികോം അവസാന വർഷ വിദ്യാർത്ഥിയായിരുന്ന വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ നമിത (19) ആണ് കൊല്ലപ്പെട്ടത്. ജൂലൈ 26നായിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് നമിതയെ ആൻസന്റെ ബൈക്ക് ഇടിച്ചു വീഴ്ത്തുന്നത്.
അപകടത്തിൽ നമിതയുടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ആൻസൺ റോയിയെ അറസ്റ്റ് ചെയ്തിരുന്നു.