കോഴിക്കോട് : കനത്തമഴയില്‍ റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതോടെ യാത്രക്കാര്‍ ദുരിതത്തില്‍. കോഴിക്കോട് അരീക്കാട് ആണ് മരം വീണ് റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണത്. ഇതോടെ മലബാറില്‍ ഇന്നും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
കോഴിക്കോട് അരീക്കാട് മരം വീണ് റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതോടെ കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ റൂട്ടിലാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. പ്രശ്നം പരിഹരിച്ച് ഉടന്‍ തന്നെ ട്രെയിന്‍ ഗതാഗതം പുനഃ സ്ഥാപിക്കാനുള്ള ശ്രമം റെയില്‍വേ തുടങ്ങി. താത്ക്കാലികമായി രണ്ടാമത്തെ ട്രാക്കിലൂടെ ട്രെയിന്‍ കടത്തിവിടുന്നുണ്ട്. പ്രശ്നം പൂർണമായി പരിഹരിക്കുന്നത് വരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. ഷൊര്‍ണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ ട്രെയിനുകള്‍ വൈകുന്നത്, ഓഫീസിലും മറ്റും കൃത്യസമയത്തിന് എത്തേണ്ടവരെ ബുദ്ധിമുട്ടിലാക്കും.
ഇന്നലെയും ശക്തമായ മഴയില്‍ കോഴിക്കോട്ടും ആലുവയിലും റെയില്‍വ ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പല ട്രെയിനുകളും വൈകിയാണ് ഓടിയത്. ഇന്നലെ കോഴിക്കോട് നല്ലളത്താണ് റെയില്‍വേ ട്രാക്കിലേക്ക് മൂന്ന് മരങ്ങള്‍ കടപുഴകി വീണ് ട്രെയിന്‍ ഗതാഗതം താളം തെറ്റിയത്. ജാംനഗര്‍ എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുന്‍പാണ് അപകടം ഉണ്ടായത്. മരങ്ങള്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന് നഷ്ടമായി. പ്രദേശത്ത് ചുഴലിക്കാറ്റ് അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ചില വീടുകളുടെ മേല്‍ക്കൂരയിലുള്ള ഷീറ്റുകള്‍ തകര്‍ന്ന് റെയില്‍വേ ട്രാക്കില്‍ വീണു. റെയില്‍വേയുടെ സ്ഥലത്തുള്ള മരങ്ങള്‍ തന്നെയാണ് കടപുഴകി വീണത്. ട്രാക്കില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റി പ്രശ്നം പരിഹരിച്ചെങ്കിലും സമയക്രമം തെറ്റിയതിനാലാണ് ട്രെയിനുകള്‍ വൈകിയോടിയത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയും കോഴിക്കോട് റെയില്‍വേ ട്രാക്കിലേക്ക് മരം വീണത്.
ആലുവയില്‍ അമ്പാട്ടുകാവിലാണ് റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ അങ്കമാലിയിലും തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകളും എറണാകുളത്തും ഇന്നലെ പിടിച്ചിട്ടു. ശക്തമായ കാറ്റില്‍ ആല് കടപുഴകി വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു