തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. വർക്കല സ്വദേശികളായ ഇരുപതുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി. രാവിലെ ആറരയോടെയായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റ കഹാർ, റൂബിൻ എന്നിവരെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി.
വർക്കല സ്വദേശിയായ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മത്സ്യത്തൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്ത് സ്ഥലത്ത് ഡ്രഡ്ജിങ് പണി അദാനി ഗ്രൂപ്പ് ആരംഭിച്ചിരിക്കുകയാണ്. മണല്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ധാരണയിലെത്തിയതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. അതിനിടെയാണ് അപകടം ഉണ്ടായത്.
കഴിഞ്ഞ ഞായറാഴ്ചയും മുതലപ്പൊഴിയിൽ അപകടമുണ്ടായിരുന്നു. നാല് പേരുമായി കടലിൽ പോയ വള്ളമാണ് മറിഞ്ഞത്.പൊഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് ചെറുവള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന നാലുപേരെയും രക്ഷപെടുത്തി.അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജാഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.