തൃശൂർ: ദേശീയ പാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുപാറയില്‍ വീണ്ടും വിള്ളൽ കണ്ടെത്തി. നേരത്തെ വിള്ളൽ കണ്ടെത്തിയ ഭാഗത്തിന് എതിര്‍വശത്തെ പാതയിലെ സംരക്ഷണ ഭിത്തിയിലാണ് വിള്ളൽ കണ്ടെത്തിയത്.ആളുകളറിഞ്ഞ് സ്ഥലത്തെത്തും മുൻപ് തന്നെ ജീവനക്കാര്‍ സിമന്റ് ഉപയോഗിച്ച് വിള്ളല്‍ അടച്ചു. നിലവിൽ വാഹനങ്ങൾ കടത്തിവിടുന്ന തൃശൂർ – പാലക്കാട് പാതയിലെ സംരക്ഷണ ഭിത്തിയിലാണ് പുതിയ വിള്ളൽ കണ്ടെത്തിയത്.
നേരത്തെ തൃശൂർ പാതയിലെ പാര്‍ശ്വഭിത്തി കൂടുതല്‍ ഇടിയുകയും റോഡിലെ വിള്ളല്‍ വലുതാവുകയും ചെയ്തതിനെ തുടർന്നായിരുന്നു പാലക്കാട് പാതയിലൂടെ ഗതാഗതം കടത്തിവിട്ടത്.എന്നാൽ ഈ ഭാഗത്തെ സംരക്ഷണ ഭിത്തിയിലും വിള്ളൽ വീണതോടെ ദേശീയപാതയിലൂടെ യാത്ര തന്നെ ആശങ്കയിലായി. ആദ്യ വിള്ളൽ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ നാല് മാസത്തിനകം തൃശൂര്‍ ഭാഗത്തെ റോഡ് പൊളിച്ച് പുതുക്കി പണിയാൻ തീരുമാനിച്ചിരുന്നു.ഇവിടെ പണികൾ പുരോഗമിക്കുന്നതിനിടെയാണ് എതിര് ഭാഗത്തെ സംരക്ഷണ ഭിത്തിയിലും വിള്ളൽ കണ്ടെത്തുന്നത്.