കൊച്ചി : സംഗീത നിശയുടെ മറവിൽ തട്ടിപ്പ് നടത്തിയതിന് വഞ്ചനാക്കുറ്റം ചുമത്തിയതിന് പിന്നാലെ സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഒരു കേസ് കൂടി. നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. പോലീസിന് മുന്നിൽ ഹാജരാകാൻ കോടതിയുടെ നിർദേശം.
സംഗീത പരിപാടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഷാൻ റഹ്മാനെതിരെ നേരത്തെ വഞ്ചനാ കേസ് എടുത്തിരുന്നു. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം ലഭിച്ചില്ല. ഷാൻ റഹ്മാൻ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായില്ല എന്ന് എറണാകുളം സൗത്ത് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യിലിൽ കൃത്യമായ രേഖകൾ ഹാജരാക്കിയില്ല എങ്കിൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
പ്രൊഡക്ഷൻ മാനേജരും, ഷോ ഡയറക്ടറുമായ നിജു രാജ് ആണ് പരാതിക്കാരൻ. കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ച വഴി 38 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എറണാകുളം സൗത്ത് പൊലീസ് ഷാൻ റഹ്മാനും ഭാര്യക്കുമെതിരെയാണ് കേസെടുത്തത്. ജനുവരിയിലാണ് സംഗീത പരിപാടി നടന്നത്. പരിപാടി കഴിഞ്ഞ ശേഷം പണം നൽകാമെന്ന് പറഞ്ഞിട്ട് നൽകിയില്ലെന്നും അതിലൂടെ 38 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് നിജു രാജ് പരാതിയിൽ പറയുന്നത്.