കോഴിക്കോട്: മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ. ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും ആനി രാജ മീഡിയവണിനോട് പ്രതികരിച്ചു. നടിയുടെ ലൈംഗിക പീഡന പരാതിയിൽ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്.പീഡന പരാതി വന്നതു മുതൽ മുകേഷ് മാറിനിൽക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടതാണെന്ന് ആനി രാജ പറഞ്ഞു.
പൊലീസ് കേസെടുത്തതോടെ മുകേഷിനു കാര്യം ബോധ്യപ്പെട്ടുകാണുമെന്നു കരുതുന്നു. ബോധ്യമായില്ലെങ്കിലും സ്ഥാനത്തുനിന്നു മാറണം. സ്വമേധയാ മാറിയില്ലെങ്കിൽ സർക്കാർ ഇടപെട്ടു മാറ്റണമെന്നും അവർ പറഞ്ഞു. ഡബ്ല്യു.സി.സി ആവശ്യപ്രകാരമാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും പല കാരണങ്ങളാൽ ഇതു പുറത്തുവരാൻ താമസിക്കുകയുമായിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ കൃത്യമായി നടപടിയെടുക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ആനി രാജ വ്യക്തമാക്കി.