ന്യൂഡൽഹി : വയനാട്ടിൽ ഒരു വനിത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യുഡിഎഫ് ഒരുങ്ങുന്നത് ഏറെ സന്തോഷം പകരുന്ന വാർത്തയാണെന്ന് സിപിഐ നേതാവും രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് എതിരാളിയുമായിരുന്ന ആനി രാജ. രാഹുൽ ഗാന്ധി റായ്ബറേലി സീറ്റിൽ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ ആനി രാജയും ഇടതുപക്ഷും വിഷയത്തിൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും ഇപ്പോൾ ഈ തീരുമാനത്തെ കോൺഗ്രസ് പാർട്ടിയുടെ നിലപാടായാണ് കണക്കാക്കുന്നത്. തങ്ങളുടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അവർക്ക് അവകാശമുണ്ടെന്നും ആനി രാജ കൂട്ടിച്ചേർത്തു.
പ്രിയങ്ക ഗാന്ധി മത്സരിക്കുന്നു എന്നതിനേക്കാൾ ബൈ ഇലക്ഷൻ നടക്കുന്ന പ്രധാനപ്പെട്ട ഒരു സീറ്റ് വനിത സ്ഥാനാർത്ഥിയ്ക്കുവേണ്ടി നൽകി എന്നതാണ് സന്തോഷം നൽകുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ വനിതാ പ്രാധിനിധ്യം പരിശോധിക്കുമ്പോൾ സ്ത്രീകൾ വളരെ കുറവാണ്. നിലവിൽ എംപിയായവരുടെ കണക്ക് മാത്രമല്ല, മത്സര രംഗത്ത് ഉണ്ടായിരുന്നവരുടെ കണക്ക് പോലും വളരെ കുറവാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷനിര ശക്തിപ്പെടുത്താൻ സ്ത്രീകൾ എത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും ആനി രാജ പങ്കുവെച്ചു.
കേരളത്തിൽ സിപിഐക്ക് നൽകിയ നാല് സീറ്റുകളിൽ ഒന്നാണ് വയനാട്. അതുകൊണ്ടുതന്നെ ബൈ ഇലക്ഷനിലും ഈ സീറ്റിൽ സിപിഐ തന്നെ മത്സരിക്കും. ഇത് പാർട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നാൽ തൻ്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള അഭിപ്രായം പാർട്ടി ഫോറത്തിൽ വ്യക്തമാക്കും. അതിനുള്ള സംവിധാനം പാർട്ടിക്കുണ്ടെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സമയമുണ്ടെന്നും ആനി രാജ പ്രതികരിച്ചു. വയനാടിനെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെണ്ടെന്നാണ് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചത്. രാഹുൽ ഗാന്ധിയുടെ അഭാവം വയനാട്ടുകാരെ അലട്ടാൻ അനുവദിക്കില്ലെന്നും ഞാൻ റായ്ബറേലിയിലും വയനാട്ടിലും വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ടെന്നുമായിരുന്നു പ്രിയങ്കയുടെ പ്രതികരണം.