ചെന്നൈ : കെ അണ്ണാമലൈ തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനം രാജിവച്ചു. പുതിയ പ്രസിഡന്റിനെ ഏകകണ്ഠമായി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും പുതിയ പ്രസിഡന്റിനെ ഐകകണ്ഠ്യനേ തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്നാട്ടില്‍ എഐഎഡിഎംകെ – ബിജെപി ബന്ധം സുഗമാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം രാജിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2021 ജൂലൈയില്‍ ആണ് അണ്ണാമലൈ തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.
അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2023 ല്‍ എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടിരുന്നു. പളനിസാമിയും അമിത്ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസം അണ്ണാമലൈ ഡല്‍ഹിയില്‍ ചെന്ന് അമിത്ഷായെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാമലൈയുടെ രാജി. അണ്ണാമലൈ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നാല്‍ സഖ്യത്തിനില്ലെന്ന് പളനിസാമി അമിത് ഷായെ അറിയിച്ചിരുന്നു.