ചെന്നൈ : ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ. പൊലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. തമിഴ്നാട് സംസ്ഥാന മദ്യവിൽപ്പന കേന്ദ്രമായ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനിലെ (TASMAC) സാമ്പത്തിക ക്രമക്കേടുകൾക്കെതിരെയായിരുന്നു പ്രതിഷേധം. ടാസ്മാസ്ക്കിൽ 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടെത്തിയിരുന്നു.
ചെന്നൈ എഗ്മോറിലെ ടാസ്മാക്ക് ആസ്ഥാനത്തിന് മുന്നിൽ വച്ച് പ്രതിഷേധം നടത്താനിറങ്ങിയ അണ്ണാമലെയെ അക്കാറൈയിലെ വീടിന് സമീപത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. അണ്ണാമലൈക്ക് പുറമെ മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, മഹിളാ മോർച്ച മേധാവിയും കോയമ്പത്തൂർ സൗത്ത് എംഎൽഎയുമായ വാനതി ശ്രീനിവാസൻ, ബിജെപി എംഎൽഎ സരസ്വതി എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ബിജെപി നേതാക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തമിഴ്നാട്ടിൽ നേതാക്കളെ രാവിലെ മുതൽ വീട്ടുതടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
1000 കോടി രൂപയുടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും സർക്കാരിന്റെ മദ്യ വിതരണ ശൃംഖലയായ ടസ്മാക് വഴി നടന്നെന്ന കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലിനെതിരെയായിരുന്നു ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം തടയാൻ വൻ തോതിൽ പൊലീസിനെയും വിന്യസിച്ചിരുന്നു. രാജരത്തിനം സ്റ്റേഡിയത്തിൽ നിന്ന് ടാസ്മാക് ആസ്ഥാനത്തേക്ക് പ്രതിഷേധിക്കാനിറങ്ങിയ ബിജെപി പ്രവർത്തകരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഭരണകക്ഷി സർക്കാർ ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്തുകയാണെന്ന് ആരോപിച്ച് അറസ്റ്റിനുശേഷം, അണ്ണാമലൈ പോലീസ് നടപടിയെ അപലപിച്ചു. മാർച്ച് 6 ന്, തമിഴ്നാട്ടിലുടനീളം ഇഡി റെയ്ഡുകൾ നടത്തിയിരുന്നു.