പത്തനംതിട്ട: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പ്രതിസന്ധി രൂക്ഷം. പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പി.സി.ജോർജ് ഉൾപ്പെടെയുള്ള പരസ്യ പ്രതികരണത്തിൽ ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട് . ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻ്റണി ഇന്ന് പൂഞ്ഞാറിലെത്തും. വൈകീട്ട് അഞ്ചിന് പൂഞ്ഞാറിലെ വീട്ടിലെത്തിയാണ് അനിൽ പിസി ജോർജിനെ കാണുക
പത്തനംതിട്ടയിൽ സീറ്റ് ലഭിക്കാതെ വന്നതോടെയാണ് പി.സി.ജോർജ് അതൃപ്തി പരസ്യമാക്കിയത്. ഇതോടെ സോഷ്യൽ മീഡിയയിലും ജോർജ് അനുകൂലികൾ സ്ഥാനാർത്ഥിത്വതിന് എതിരെ ക്യാമ്പയിൻ തുടങ്ങി. അനിൽ ആന്റണിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കർഷക മോർച്ച ജില്ലാ സെക്രട്ടറിയെ ബിജെപി പുറത്താക്കുക പോലും ചെയ്തിരുന്നു. ജോർജിൻ്റെ പരസ്യ നിലപാടിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലുമാണ്. ഈ ഘട്ടത്തിൽ ജോർജിനെ അനുനയിപ്പിക്കാനുള്ള നീക്കമാണ് അനിൽ ആന്റണി നടത്തുന്നത്. പിസി ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും അനില്‍ ആന്റണി പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക.
പത്തനംതിട്ടയില്‍ താന്‍ മത്സരിക്കണമെന്നാണ് ജനം ആഗ്രഹിച്ചിരുന്നത്. അനില്‍ ആന്റണിക്ക് കേരളവുമായി ബന്ധമില്ല. അനിലിനെ പത്തനംതിട്ടക്കാരെ ഇനി പരിചയപ്പെടുത്തി എടുക്കേണ്ടി വരുമെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു. എകെ ആന്റണിക്ക് കേരളത്തില്‍ ലഭിക്കുന്ന പിന്തുണ മകനില്ല എന്നതാണ് പ്രശ്നം. എകെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും പിസി ജോര്‍ജ് പറഞ്ഞു. അതേസമയം പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അനില്‍ ആന്റണി തള്ളി. പത്തനംതിട്ടയെ നയിക്കാന്‍ താന്‍ തന്നെയാണ് യോഗ്യന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പത്തനംതിട്ടയില്‍ തനിക്ക് നടപ്പാക്കാനാകും. പിസി ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്നും അനില്‍ ആന്റണി അഭിപ്രായപ്പെട്ടു.