അങ്കമാലി : എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസും തമ്മിൽ സംഘർഷം. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധിച്ച 21 വൈദികരിൽ 4 പേരെ സസ്പെൻഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാൻ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു.
ബസിലിക്ക പള്ളിക്ക് മുൻപിലാണ് സംഭവമുണ്ടായത്. രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേൽപ്പിച്ച് വസ്ത്രം പോലും മാറാൻ അനുവദിക്കാതെ കൊണ്ടുവന്നതായും, വസ്ത്രം മാറാൻ ശ്രമിച്ചവരുടെ വീഡിയോ എടുത്തതായുമാണ് വൈദികർ ആരോപിക്കുന്നത്.
പ്രായമായ വൈദികർക്ക് അടക്കം മർദനമേറ്റു. ബിഷപ്പ് ഹൗസിന്റെ ഗേറ്റ് അടക്കം തല്ലിപ്പൊളിച്ചാണ് വൈദികരെ ഗേറ്റിന് സമീപത്ത് എത്തിച്ചതെന്നാണ് വൈദികരുടെ ആരോപണം. എന്തിനാണ് കൊണ്ട് പോകുന്നത് എന്ന് പോലും പൊലീസുകാർ പറഞ്ഞില്ലെന്ന് വൈദികർ ആരോപിക്കുന്നു.