അമരാവതി : ലെസ്ബിയന്‍ പങ്കാളികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായവരാണെന്നും, ഇണകളെ കണ്ടെത്താന്‍ ഇവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിച്ചു. പങ്കാളികളിലൊരാള്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി വിധി.
ലെസ്ബിയന്‍ ദമ്പതികളിലൊരു യുവതിയെ, ആഗ്രഹത്തിന് വിരുദ്ധമായി പിതാവ് നര്‍സിപട്ടണത്തെ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാട്ടിയായിരുന്നു ഹര്‍ജി. മകള്‍ പ്രായപൂര്‍ത്തിയായതാണെന്നും, അവരുടെ ഇഷ്ടത്തിലും, ദമ്പതികളുടെ ബന്ധത്തില്‍ ഇടപെടരുതെന്നും ജസ്റ്റിസുമാരായ ആര് രഘുനന്ദന് റാവു, കെ മഹേശ്വര റാവു എന്നിവരുള്‍പ്പെട്ട ബെഞ്ച് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്കി.
ദമ്പതികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിജയവാഡയില്‍ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. നേരത്തെ ദമ്പതികളിലൊരാളുടെ മിസ്സിങ് പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ്, മറ്റേ യുവതി പിതാവിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തി മോചിപ്പിച്ചു. തുടര്‍ന്ന് ഷെല്‍റ്റര്‍ ഹോമില്‍ കഴിഞ്ഞ യുവതി, തങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെടലിലാണ് ഇവര്‍ വിജയവാഡയിലെത്തുന്നത്.
ഇതിനിടെ, യുവതികളിലൊരാളുടെ പിതാവ് വിജയവാഡയിലെത്തുകയും, യുവതിയെ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. യുവതിയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. എന്നാല്‍ മറ്റേ യുവതിയും കുടുംബവും ചേര്‍ന്ന് തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നുകാട്ടി പിതാവും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കോടതി നിര്‍ദേശപ്രകാരം യുവതിയെ പൊലീസ് ഹാജരാക്കി. ലെസ്ബിയന്‍ പങ്കാളിക്കൊപ്പം ഒരുമിച്ച് ജീവിക്കാനാണ് താല്‍പ്പര്യമെന്ന് യുവതി കോടതിയില്‍ വ്യക്തമാക്കി. തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്നും യുവതി അറിയിച്ചു. തുടര്‍ന്നാണ് ദമ്പതികളെ ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുവദിച്ചത്. പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതിനാല്‍ കുടുംബാംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കില്ലെന്നും ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.