ധരംശാല: കുല്‍ദീപ് യാദവിന്റെ ബാറ്റില്‍ കൊണ്ട പന്ത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിന്റെ കയ്യിലെത്തുമ്പോള്‍ പിറന്നത് പുതു ചരിത്രം. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തിനിടെ മറ്റാര്‍ക്കും സാധിക്കാത്ത നേട്ടം ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്്സണ്‍ സ്വന്തമാക്കിയിരിക്കുന്നു, 700 വിക്കറ്റുകള്‍. ഒരു ഫാസ്റ്റ് ബോളറുടെ കരിയറിൽ എന്നെന്നും ഓര്‍ക്കാന്‍ സാധിക്കാവുന്ന നേട്ടം. 41 വയസിലെത്തുമ്പോഴും വീര്യം ഒട്ടും കുറയാത്ത പന്തുകള്‍ക്ക് മുമ്പില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാര്‍ പോലും പരാജയപ്പെടുകയാണ്. ബാസ്ബോള്‍ കൊണ്ട് ലോകം കീഴടക്കാനിറങ്ങിയ ഇംഗ്ലണ്ട് അവരുടെ പ്രധാന തുറുപ്പു ചീട്ടായി കണ്ടതും പ്രായം തളര്‍ത്തിയെന്ന് പലരും വിളിച്ച ആന്ഡേഴ്സനെയായിരുന്നു.
2003ല്‍ ലോര്‍ഡ്സില്‍ സിംബാവെക്കെതിരെയായിരുന്നു അരങ്ങേറ്റം. ഓപ്പണര്‍ മാര്‍ക്ക് വെര്മ്യൂലനെ മൂന്നാം ഓവറില്‍ പുറത്താക്കി കൊണ്ടാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീടുള്ള 22 വര്‍ഷത്തെ കരിയറില്‍ ഇംഗ്ലീഷ് മണ്ണില്‍ നിന്ന് 434ഉം വിദേശ പിച്ചുകളില്‍ നിന്നായി 266 വിക്കറ്റും സ്വന്തമാക്കി. ആഷസില്‍ 117 വിക്കറ്റുകള്‍ സ്വന്തമാക്കിയ ആന്ഡേഴ്സന് 68ഉം സ്വന്തമാക്കിയത് ഓസ്ട്രേലിയയില്‍ വെച്ചായിരുന്നു. 2010ല്‍ ഒരു കലണ്ടര്‍ വര്‍ഷം 57 വിക്കറ്റ് നേടിയ താരം 2013ലും 2017ലും ഒരു വര്‍ഷം 50 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കി.
187 ടെസ്റ്റ് മത്സരത്തില്‍ നിന്നാണ് 700 വിക്കറ്റ് നേട്ടം.
800 വിക്കറ്റുമായി ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും 708 വിക്കറ്റുകളുമായി ഓസ്ട്രേലിയയുടെ ഷൈന്‍ വോണുമാണ് ആന്ഡേഴ്സന് മുന്നിലുള്ളത്. 2018ല്‍ ഓസ്ട്രേലിയയുടെ ഗ്രെന്‍ മഗ്രാത്തിന്റെ 563 വിക്കറ്റെന്ന റെക്കോര്‍ഡ് മറികടന്നിരുന്നു. ഇംഗ്ലണ്ടിനായി 194 ഏകദിനങ്ങളില്‍ നിന്നായി 269 വിക്കറ്റും 19 ട്വന്റി ട്വന്റി വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.