കൊല്ലം: അഞ്ചൽ രാമഭദ്രൻ വധക്കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് കണ്ടെത്തൽ. കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കരെയാണ് കോടതി കുറ്റക്കാരനായി വിധിച്ചത്. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടു. കേസിൽ ഈ മാസം 30 ന് ശിക്ഷ വിധിക്കും.
ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനെ വീട്ടിനുള്ളിൽ കയറി സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2010 ഏപ്രിൽ 10നാണ് കേസിനാസ്പദമായ സംഭവം.മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎം പ്രവർത്തകർ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. 19 പ്രതികള്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു.