കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ എക്കാലത്തെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്സഭയിലെ ഹാജര്‍ നില കേവലം 51% മാത്രമാണ് എന്നത് ഒരേസമയം കൗതുകകരവും വിചിത്രവുമായ വസ്തുതയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികളുടെ മുഴുവന്‍ നേതാവായി നിലകൊള്ളേണ്ടയാള്‍ പലപ്പോഴും സഭാ സമ്മേളനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. പണ്ടും രാഹുല്‍ഗാന്ധിയുടെ ‘അജ്ഞാത ഇടങ്ങളിലേക്കുള്ള’ സന്ദര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയായിരുന്നു. യുപിഎ ഭരിക്കുന്ന കാലത്തും പാര്‍ലമെന്റില്‍ രാഹുല്ഗാന്ധിയെവിടെ എന്ന ചോദ്യത്തിന് സോണിയ ഗാന്ധിയടക്കമുള്ളവര്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടാറുണ്ടായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷം (2019-2024) 51% ഹാജർ മാത്രമാണ് രാഹുല്‍ഗാന്ധിക്ക് സഭയിലുള്ളത്. മൂന്ന് പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ അദ്ദേഹത്തിന്റെ ഹാജര്‍ പൂജ്യമായിരുന്നു. അതായത് സഭയിൽ രാഹുൽ വന്നതേയില്ല. 2020ലെ വര്‍ഷകാല സമ്മേളനം, 2022ലെ ശീതകാല സമ്മേളനം, 2024ലെ ബജറ്റ് സമ്മേളനം എന്നിവയാണത്. 2023ല്‍ വിളിച്ചുകൂട്ടിയ ലോക്സഭയുടെ പ്രത്യേക സമ്മേളനത്തിലും 2023 ലെ വര്‍ഷകാല സമ്മേളനത്തിലും മാത്രമാണ് അദ്ദേഹം എല്ലാ ദിവസവും പങ്കെടുത്തത്. കഷ്ടിച്ച് അഞ്ച് ലോക്സഭാ സമ്മേളനങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന് 70 ശതമാനത്തിന് മുകളില്‍ ഹാജരുള്ളത്. (അവലംബം പിആര്‍എസ് ലെജിസ്ളേറ്റീവ് റിസര്‍ച്ച്)
ലോക്സഭയില്‍ നടന്ന എട്ട് ചര്‍ച്ചകളില്‍ മാത്രമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ രാഹുൽ പങ്കെടുത്തത്. അതില്‍ സ്വന്തം മണ്ഡലമായ വയനാടുമായി ബന്ധപ്പെട്ട് പങ്കെടുത്തത് രണ്ടു ചര്‍ച്ചകളില്‍ മാത്രം. കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് 2019 ജൂലൈ 11ന് നടത്തിയ ചര്‍ച്ചയിലും വയനാട് നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റെയില്‍വേ ലൈനിനെക്കുറിച്ച് അതേ വർഷം ഡിസംബർ 4ന് നടത്തിയ ചര്‍ച്ചയിലും. ലോക്സഭയില്‍ അദ്ദേഹം എഴുതി നൽകിയ 90 ചോദ്യങ്ങളില്‍ കഷ്ടിച്ച് എട്ടെണ്ണം മാത്രമാണ് നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍. (ചോദ്യങ്ങള്‍ എഴുതി നല്‍കുന്നത് എംപിയുടെ ഓഫീസാണ്. മറുപടി ബന്ധപ്പെട്ട മന്ത്രി രേഖാമൂലം നല്‍കും. പ്രസക്തമായ ചോദ്യങ്ങളാണ് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍)
രാഹുല്‍ ഗാന്ധി ദേശീയ നേതാവായത് കൊണ്ട് മണ്ഡലത്തില്‍ എപ്പോഴും എത്താൻ കഴിയില്ലെന്ന കാര്യം വാദത്തിന് വേണ്ടിയെങ്കിലും അംഗീകരിക്കാം. എന്നാല്‍ പാര്‍ലമെന്റ് നടപടികളില്‍ നിന്നും രാഹുൽ വിട്ടു നില്‍ക്കുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാറുണ്ട്. ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസ് എംപിമാരെ ആക്ഷേപിക്കാന്‍ വേണ്ടി ചോദിക്കാറുള്ളത് നിങ്ങളുടെ യുവരാജാവെവിടെ, ഇടക്കിടെ അദ്ദേഹത്തോട് ഇന്ത്യ സന്ദര്‍ശിക്കാന്‍ പറയണം എന്നൊക്കെയാണ്. നേരത്തെയൊക്കെ രാഹുല്‍ ഗാന്ധി എവിടെയാണെന്ന് ചോദിച്ചാല്‍ ഒരു കോണ്‍ഗ്രസ് നേതാവിനും ഉത്തരം പറയാന്‍ കഴിയാത്ത അവസ്ഥയാണുണ്ടാകാറുള്ളത്. ബിജെപി അതൊക്കെ നന്നായി മുതലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ മോദി അദാനി ബന്ധത്തെപ്പറ്റി രാഹുല്‍ഗാന്ധി ലോക്സഭയില്‍ ആഞ്ഞടിച്ചതോടെ ബിജെപി കളിമാറ്റി. കര്‍ണ്ണാടകയില്‍ 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സാമ്പത്തിക തട്ടിപ്പുകാരന് നീരവ് മോദിയെക്കുറിച്ച് നടത്തിയ പരാമര്‍ശം മോദി സമുദായത്തിന് എതിരാണെന്ന് കാണിച്ച് ഗുജറാത്തിലെ ഒരു ബിജെപി നേതാവ് അവിടുത്തെ കോടതിയില്‍ കേസുകൊടുക്കുകയും, അത് പീന്നീട് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം അദാനിയെക്കുറിച്ച് കാര്യമായി മിണ്ടുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്.
ലോക്സഭാ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ കുറെക്കൂടി ഗൗരവമായി പങ്കെടുക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും അഭിപ്രായമുണ്ട്. പാര്‍ലമെന്റില്ലാത്ത സമയങ്ങളില്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ പോലും സീനിയര്‍ നേതാക്കളടക്കം പലര്‍ക്കും കഴിയാറില്ല. കോണ്‍ഗ്രസ് വിട്ട നേതാക്കളില്‍ പലരും ഉന്നയിച്ച പ്രധാന പരാതിയാണിത്. രാഹുലിന്റെ നിയോജകമണ്ഡലമായ വയനാട്ടിലും അദ്ദേഹത്തിന്റെ സാന്നിധ്യം പേരിന് മാത്രമാണ്. കോണ്‍ഗ്രസിന്റെ സംഘടനാപരമായ ശേഷി ഫലപ്രദമായി ഉപയോഗിക്കുന്നത് കൊണ്ട് രാഹുലിന്റെ അസാന്നിധ്യം അവിടെ അനുഭവപ്പെടാതെ പോകുന്നു എന്നതാണ് സത്യം.