


പാലക്കാട് : പാലക്കാട് കഞ്ചിക്കോട് ഐഐടി വിദ്യാർഥിനിക്ക് നേരെ കാമ്പസിനുള്ളിൽ അജ്ഞാതന്റെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ സേലം സ്വദേശിനിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ഏകദേശം 7.45ഓടെ സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് പോകുന്നതിനിടെയായിരുന്നു തലയ്ക്ക് അടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. കാമ്പസിലെ സിസിടിവിദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ആക്രമണം നടത്തിയ ആളെ തിരിച്ചറിയാൻ വിദ്യാർത്ഥിനിക്ക് കഴിഞ്ഞിട്ടില്ല.
സംഭവത്തെ തുടർന്ന് അർദ്ധരാത്രിയോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രവേശന കവാടമായ നിലാ ഗേറ്റിൽ ഏകദേശം 200ഓളം വിദ്യാർത്ഥികൾ ഒത്തുകൂടി പ്രതിഷേധം ആരംഭിച്ചു . ക്യാമ്പസിനുള്ളിൽ ആവർത്തിച്ച് നടക്കുന്ന സുരക്ഷാ വീഴ്ചകൾക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്ത് . ഇത് സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട മൂന്നാമത്തെ സംഭവമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വിഷയത്തെ അധികൃതർ ഗൗരവമായി കാണുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. സംഭവം നടന്നതിന് ശേഷം പൊലീസ് രാത്രി ഏകദേശം 11.30നാണ് എത്തിയത് എന്നും, പ്രതിഷേധം ആരംഭിച്ച സമയത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. രാജ്യത്തെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി ക്യാമ്പസുകളിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടണമെന്ന പ്രതീക്ഷ നിലനിൽക്കുന്നു. ഈ സംഭവം നിരീക്ഷണ സംവിധാനങ്ങൾ, പരിസര സുരക്ഷ, അടിയന്തര പ്രതികരണ നടപടികൾ എന്നിവയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തിയതായി വിദ്യാർത്ഥികൾ പറഞ്ഞു.
ആക്രമി പുറത്തുനിന്ന് അനധികൃതമായി ക്യാമ്പസിൽ പ്രവേശിച്ചയാളാണോ, അല്ലെങ്കിൽ ക്യാമ്പസിലാളാണോ എന്നത് വ്യക്തമല്ലന്നും പാലക്കാട് കാസബ പൊലീസ് സ്റ്റേഷനിലെ പൊലീസ് സംഘം ഉടൻ ക്യാമ്പസിലെത്തി പ്രാഥമിക അന്വേഷണം നടത്തിയതായി ഒരു മുതിർന്ന അധ്യാപകൻ അറിയിച്ചു. ആരോപണങ്ങൾക്ക് മറുപടി നൽകുന്ന ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.