അയോധ്യ : ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയുടെ ഗുണഭോക്താവായ സ്ത്രീയുടെ വീട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രി അയോധ്യയില്‍ എത്തിയത്. ഇതിനിടെയാണ് അപ്രതീക്ഷിത ഗൃഹസന്ദര്‍ശനം.
പദ്ധതിയുടെ ഉപയോക്താവായ അയോധ്യയില്‍ താമസമാക്കിയ മീര മഞ്ജരിയുടെ വീട്ടിലെത്തിയ പ്രധാനമന്ത്രി, ചായ ചോദിച്ചു, പ്രധാനമന്ത്രി തന്റെ വീട്ടിലേക്ക് വരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും മീര മാധ്യമങ്ങളോട് പറഞ്ഞു.
‘പ്രധാനമന്ത്രിയാണ് വീട്ടിലേക്ക് വരുന്നത് എന്ന കാര്യം അറിയില്ലായിരുന്നു. ഏതോ രാഷ്ട്രീയ നേതാവാണ് വീട്ടിലെത്തുന്നത് എന്ന് മാത്രമായിരുന്നു അറിഞ്ഞിരുന്നത്. അദ്ദേഹം വീട്ടിലെത്തി എന്നോടും കുടുംബത്തോടൊപ്പം ചെലവഴിച്ചു. ഉജ്ജ്വല്‍ യോജന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ചോദിച്ചു. എന്താണ് പാചകം ചെയ്തിട്ടുള്ളതെന്ന് ചോദിച്ചു. ചോറും ദാലും പച്ചക്കറികളുമാണെന്ന് മറുപടി നല്കി. പിന്നീട് അദ്ദേഹം എന്നോട് ചായ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെട്ടു’ മീര പറഞ്ഞു.
അയോധ്യയിലെ ഇടുങ്ങിയ തെരുവുകളിലൂടെ നടക്കുമ്പോള്‍ വന്‍ ജനക്കൂട്ടമാണ് മോദിയെ വരവേറ്റത്. ഒരു ആണ്‍കുട്ടിയുടെ പെയിന്റിങ്ങില്‍ പ്രധാനമന്ത്രി ഒപ്പിട്ടു. രാവിലെ, പ്രധാനമന്ത്രി മോദി നവീകരിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന് ഉദ്ഘാടനവും രണ്ട് അമൃത് ഭാരത്, ആറ് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും നടത്തി.