കണ്ണൂർ: തെരുവുനായയുടെ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത 11 വയസ്സുകാരന് കൊല്ലപ്പെട്ടു. ഇടയ്ക്കാട് മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കു സമീപം നൗഷാദിന്റെ മകൻ നിഹാലാണ് ദാരുണമായി കൊല്ലപ്പെട്ടത്.അരയ്ക്കുതാഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
വീടിനു 500 മീറ്റർ അകലെ ആളൊഴിഞ്ഞ വീട്ടുപറന്പിലെ ഗേറ്റിനു സമീപമാണ് നിഹാലിനെ നാട്ടുകാരും പോലീസും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തുന്നത്. ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് ഭിന്നശേഷിക്കാരനായ നിഹാൽ വീടിന്റെ ഗേറ്റിനു പുറത്തേക്കിറങ്ങിയത്. കുട്ടിയെ തെരഞ്ഞെങ്കിലും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ എടക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാകാം നിഹാലിനെ തെരുവുനായക്കൂട്ടം ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.
നിഹാലിന്റെ ദേഹമാസകലം നായകൾ കടിച്ചുകീറിയ പാടുകളുണ്ട്. കാലിനേറ്റ ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തം വാർന്നാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളടക്കം മണിക്കൂറുകൾ നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി 8.30ഓടെയാണ് കെട്ടിനകം പള്ളിക്ക് സമീപം അവശനിലയിൽ നിഹാലിനെ കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംസാരശേഷിയില്ലാത്ത കുട്ടിയായതിനാൽ സംഭവം അപ്പോൾ ആരുടെയും ശ്രദ്ധയിൽപെടാതിരുന്നതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. നായയെ കണ്ട് ഓടിയ കുട്ടിയെ നായക്കൂട്ടം പിന്തുടർന്ന് ആൾത്താമസമില്ലാത്ത വീടിന്റെ പറന്പിൽവച്ച് കടിച്ചുകീറിയതാണെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷമേ യഥാർഥ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.