കൊച്ചി: ഇന്ത്യയിൽ നിന്ന് ഒന്നാമതായി ടൈംസ് ഹയർ എജ്യുക്കേഷന്റെ (THE) ലോകത്തെ മികച്ച 100 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം ഇടംപിടിച്ചപ്പോൾ ആരോഗ്യരംഗത്ത് നേടിയത് ആഗോളതലത്തിൽ 7-ാം സ്ഥാനം. കൊച്ചിയിലും ഫരീദാബാദിലുമുള്ള അമൃത ആശുപത്രികളുടെ പ്രവർത്തന മികവിൽ ഐക്യരാഷ്ട്ര സംഘടനയുടെ സസ്റ്റെയ്നബിൾ ഡവലപ്മെന്റ് ഗോളുകളിൽ മികച്ച ആരോഗ്യവും ക്ഷേമവും വിഭാഗത്തിലാണ് അമൃത വിശ്വവിദ്യാപീഠം ലോകറാങ്കിങിൽ 7-ാം സ്ഥാനം സ്വന്തമാക്കിയത്.
2024 ജൂൺ 10 മുതൽ 13 വരെ ബാങ്കോക്കിൽ നടന്ന ഗ്ലോബൽ സസ്റ്റെയ്നബിൾ ഡവലപ്മെന്റ് കോൺഗ്രസിലാണ് ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കിയത്. സമൂഹത്തിൽ എല്ലാവർക്കും ആരോഗ്യമുള്ള ജീവിതവും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളാണ് അമൃത ആശുപത്രി നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആതുരസേവനരംഗത്ത് ഏറ്റവും നൂതന സജ്ജീകരണങ്ങളുമായി കൊച്ചിയിലും ഫരീദാബാദിലുമായി പ്രവർത്തിക്കുന്ന അമൃത ആശുപത്രികളിലൂടെ ഏകദേശം 2 കോടിയിലധികം രോഗികൾക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിലെമ്പാടുമായി നടപ്പാക്കിയ 820 കോടി രൂപയുടെ സൗജന്യ ആരോഗ്യ പരിപാടിയിൽ കഴിഞ്ഞ വർഷം വരെയുള്ള കണക്കുകൾ പ്രകാരം 60 ലക്ഷം രോഗികൾ ഗുണഭോക്താക്കളായി.
ആഗോളതലത്തിലുള്ള ഈ നേട്ടം ആതുരസേവന രംഗത്തെ മുന്നേറ്റങ്ങൾക്ക് അമൃതയ്ക്ക് വലിയ പ്രചോദനമാണെന്ന് അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ പറഞ്ഞു. അമൃത ആശുപത്രിയുടെ ആപ്തവാക്യമായ ‘ എംബ്രേസ് ഗുഡ് ഹെൽത്ത് ‘ എന്നത് മാതാ അമൃതാനന്ദമയി ദേവിയുടെ ആശയമാണ്. എല്ലാവർക്കും മികച്ച നിലവാരത്തിലുള്ളതും കാരുണ്യത്തോടെയുള്ളതുമായ പരിചരണം ലഭ്യമാക്കുന്നതിൽ അമ്മ എന്നും മുൻഗണന നൽകുന്നുണ്ടെന്നും അമ്മയുടെ അചഞ്ചലമായ സാമൂഹിക പ്രതിബദ്ധതയുടെ ഏറ്റവും മഹത്തരമായ ഉദാഹരണമാണ് അമൃത ആശുപത്രിയുടെ പ്രവർത്തനങ്ങളെന്നും ഡോ. പ്രേം നായർ കൂട്ടിച്ചേർത്തു