കൊച്ചി : സംസ്ഥാനത്തെ ആദിവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി അമൃത ആശുപത്രി നടപ്പാക്കുന്ന ടെലിമെഡിസിൻ പദ്ധതിയായ “സമാശ്വാസം” പദ്ധതിക്ക് തുടക്കമായി. ആധുനിക ചികിത്സ സംവിധാനങ്ങൾ കുറവുള്ള വയനാട്ടിലെ മുട്ടിലും, വള്ളിയൂർക്കാവിലും നടപ്പാക്കി തുടങ്ങിയ പദ്ധതി ആദിവാസി വിഭാഗങ്ങൾ കൂടുതലായുള്ള സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കാനാണ് ഉദേശിക്കുന്നത്.
ദീർഘകാല ശ്വാസകോശ രോഗങ്ങൾ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ വനവാസികൾക്കിടയിലുള്ള ക്ഷയരോഗമടക്കം കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം ശ്വാസകോശ പുനരധിവാസ ചികിത്സയും പുകയില ഉപയോഗ നിയന്ത്രണ ചികിത്സയും പദ്ധതിയുടെ ലക്ഷ്യമാണ്. ശ്വാസകോശ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കാൻ പ്രാണധാര എന്ന ടെലിമെഡിസിൻ യോഗയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ഇസ്രോയുമായി സഹകരിച്ച് മുമ്പ് നടപ്പാക്കിയ ടെലിമെഡിസിൻ പദ്ധതി കൂടുതൽ സാങ്കേതിക തികവോടെയാണ് ഇപ്പോൾ അമൃത ആശുപത്രി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി അമൃത ആശുപത്രി ടെലിമെഡിസിൽ വകുപ്പ് മേധാവിയും അമൃത വിശ്വ വിദ്യാപീഠം അസോസിയേറ്റ് ഡീനുമായ ഡോ. ഡി. എം. വാസുദേവൻ നിർവ്വഹിച്ചു.