വിജയവാഡ: ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞച്ചടങ്ങിനിടെ തമിഴ്നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരസ്യ താക്കീത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായി. തമിഴിസൈ സൗന്ദർരാജനെ വേദിയിലേക്ക് വിളിച്ചുവരുത്തി അമിത് ഷാ അനിഷ്ടത്തോടെ സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിയുടെ തോൽവിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്കെതിരെ തമിഴിസൈ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ശാസനയെന്നാണ് സൂചന.
അമിത് ഷായും വെങ്കയ്യ നായിഡുവും സംസാരിച്ച് കൊണ്ടിരിക്കെ ഇവരെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തേക്ക് വന്ന തമിഴിസൈ കൈകൂപ്പി അമിത് ഷായെ അഭിവാദനം ചെയ്തു. ഇതിനു പിന്നാലെ തമിഴിസൈയെ പേരുവിളിച്ച് അടുത്തേക്ക് വിളിച്ച ഷാ വിരൽ ചൂണ്ടിക്കൊണ്ട് അനിഷ്ടത്തോടെ സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.തമിഴ്നാട്ടിൽ ബിജെപിക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നില്ലെന്നും അണ്ണാമലൈ കാര്യമായി പ്രവർത്തിച്ചില്ലെന്നുമായിരുന്നു തമിഴിസൈയുടെ ആരോപണം. ചെന്നൈ സൗത്തിൽ നിന്ന് മത്സരിച്ച തമിഴിസൈയും പരാജയപ്പെട്ടിരുന്നു.