ചെന്നൈ : തമിഴ്നാട്ടിൽ ബിജെപിയുടെ പോസ്റ്ററിൽ അമിത് ഷായുടെ ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് തമിഴ് നടൻ്റെ ചിത്രം. സിഐഎസ്എഫ് റൈസിങ് ഡേയുമായി ബന്ധപ്പെട്ട് വഴിയോരങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചിത്രത്തിന് പകരം നടനും സംവിധായകനുമായ സന്താനഭാരതിയുടെ ചിത്രം ഉപയോഗിച്ചത്.
‘വര്‍ത്തമാനകാല ഇന്ത്യയുടെ ഉരുക്കുമനുഷ്യന്’ എന്ന് അമിത് ഷായെ വിശേഷിപ്പിച്ച പോസ്റ്ററില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അരുള്‍ മൊഴിയുടെ പേരുമുണ്ട്.ബി.ജെ.പിയെ നാണം കെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി എതിരാളികള്‍ ചെയ്തതാണെന്നും അരുള്‍ മൊഴി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബി.ജെ.പി. പോലീസില്‍ പരാതി നൽകി.
‘ഗുണ’ സംവിധായകനും നടനുമായ സന്താന ഭാരതിയുടെ ചിത്രമാണ് പോസ്റ്ററില്‍ അച്ചടിച്ചിരിക്കുന്നത്. ഡി.എം.കെ. പ്രവർത്തകരടക്കം സമൂഹമാധ്യമങ്ങളില്‍ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചു. 56-ാമത് സിഐ.എസ്.എഫ്. റൈസിങ് ഡേയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയത്.