പാറ്റ്ന : പ്രതിപക്ഷ സഖ്യത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഴിമതിയുമായി ബന്ധപ്പെട്ട പേരാണ് യുപിഎ, അതിനാല്‍ അവര്‍ പേര് മാറ്റിയെന്ന് അമിത് ഷാ പറഞ്ഞു.
വ്യാപകമായ അഴിമതികളുമായി ബന്ധപ്പെട്ട പേരുമായി പൊതുജനങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കാത്തതിനാലാണ് അവർ യുപിഎ എന്ന പേര് ഉപേക്ഷിച്ച് ഇന്ത്യ എന്ന് സഖ്യത്തിന് പേരിട്ടതെന്ന് ഷാ പറഞ്ഞു. ബിഹാറിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം പുതിയ പേരിൽ ഒരു സഖ്യം ഉണ്ടാക്കിയിരിക്കുന്നു. യുപിഎയുടെ പേരിൽ 12 ലക്ഷം കോടി രൂപയുടെ അഴിമതി ഇവർ നടത്തി. റെയിൽവേ മന്ത്രിയായിരിക്കെ കോടികളുടെ അഴിമതിയാണ് ലാലു പ്രസാദ് യാദവ് നടത്തിയത്. മകനെ മുഖ്യമന്ത്രിയാക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
അതേസമയം നിതീഷ് കുമാർ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. എന്നാൽ പ്രധാനമന്ത്രിപദം മോദി തന്നെ തുടർന്നും വഹിക്കും. ഈ കൂട്ടുകെട്ട് ബിഹാറിനെ വീണ്ടും കാട്ടുനീതിയിലേക്കെത്തിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.