കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പാര്‍ട്ടി ജില്ല അധ്യക്ഷയായി നിയമിച്ചു. കൃഷ്ണനഗര്‍ ജില്ലാ പ്രസിഡന്റായാണ് നിയമനം. പാര്‍ലമെന്റില്‍ അയോഗ്യയാക്കാനുള്ള എത്തിക്സ് കമ്മറ്റിയുടെ നീക്കങ്ങള്‍ക്കിടെയാണ് നടപടി.
പ്രസിഡന്റായി ചുമതലപ്പെടുത്തിയതിന് പിന്നാലെ മമതാ ബാനര്‍ജിക്ക് നന്ദി അറിയിച്ചുകൊണ്ട് മൊയ്ത്ര എക്സില്‍ കുറിച്ചു. കൃഷ്ണനഗറിലെ ജനങ്ങള്‍ക്കായി പാര്‍ട്ടിക്കൊപ്പം എപ്പോഴും പ്രവര്‍ത്തിക്കുമെന്നായിരുന്നു മൊയ്ത്രയുടെ പ്രതികരണം.
സംസ്ഥാനത്തെ 35 ജില്ലകളിലേയും പ്രസിഡന്റുമാരുടെ പുതുക്കിയ പട്ടിക ടിഎംസി പ്രഖ്യാപിച്ചു.
വ്യാഴാഴ്ചയാണ് മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കാന് എത്തിക്സ് കമ്മിറ്റി ശിപാര്‍ശ ചെയ്തത്. മഹുവക്കെതിരായ റിപ്പോര്‍ട്ട് നാലിനെതിരെ ആറ് വോട്ടുകള്‍ക്കാണ് എത്തിക്സ് കമ്മിറ്റി പാസാക്കിയത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപടിയെടുക്കുമെന്നാണ് സൂചന. ചോദ്യക്കോഴ വിവാദത്തില്‍ നവംബര്‍ ഒന്നിന് മഹുവ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നു.
ഇതിന് പിന്നാലെ എത്തിക്സ് കമ്മറ്റിക്കെതിരെ മഹുവ രംഗത്തുവന്നിരുന്നു. എത്തിക്സ് കമ്മിറ്റി അധാര്‍മികമായി പുറത്താക്കുന്ന ആദ്യത്തെ വ്യക്തി എന്ന നിലയില്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇടം നേടുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു മഹുവയുടെ പ്രതികരണം.